മേപ്പാടി: ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനായി ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു ഫോഴ്സിലെ 16 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം.
നിലമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. രാത്രിയിൽ എയർലിഫ്റ്റിങ് സാധ്യമല്ലാത്തതിനാൽ തണ്ടർബോൾട്ട് സംഘമെത്തി കുടുങ്ങി കിടക്കുന്നവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഉൾവനത്തിലെത്തിൽ നിന്നും ഒരു മൃതദേഹവുമായി പുറത്തെത്തിയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടിയുണ്ടെന്ന സൂചന സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് തിരിച്ചൽ നടത്തിയ ശേഷം മടങ്ങിയെത്താൻ വൈകിയതോടെ ഇരുട്ടായി. ഇതോടെയാണ് സംഘം ചാലിയാറിൽ കുടുങ്ങിയത്.
ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ കുടുങ്ങിയവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്ന് ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. മലപ്പുറം സ്വദേശികളായ സ്വാലിം, മുഹ്സിൻ, മുണ്ടേരി സ്വദേശി റഹീസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
സ്വാലിമിനെയും മുഹ്സിനെയും വ്യോമസേന ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തപ്പോൾ പാറക്കെട്ടിൽ കുടുങ്ങിയ റഹീസിനെ അഗ്നിശമനസേനാംഗങ്ങൾ കയറിട്ട് നൽകിയാണ് രക്ഷപ്പെടുത്തിയത്. ഉരുൾപൊട്ടലിൽ ഒഴുകിപോയവരുടെ മൃതദേഹങ്ങൾ തിരഞ്ഞെത്തിയ സന്നദ്ധ സംഘടനയിൽപ്പെട്ട മൂന്നു പേരാണ് വെള്ളിയാഴ്ച സൂചിപ്പാറ വനത്തിൽ കുടുങ്ങിയത്.
ശക്തമായ വെള്ളമൊഴുക്ക് കാരണം സൂചിപ്പാറ വെള്ളച്ചാട്ടം മുറിച്ചു കടക്കാൻ ഇവർക്ക് സാധിച്ചില്ല. കൂടാതെ, കാലിന് പരിക്കേറ്റതിനാൽ മറ്റ് രണ്ടു പേർക്ക് പാറക്കെട്ടിലൂടെ നടന്നുവരാനും കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവൻ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.