കാളികാവ്: പൂക്കോട്ടുംപാടം-കാളികാവ് മലയോരപാത നിർമാണ പ്രവൃത്തിയും കലുങ്ക്, ഡ്രൈനേജ് പ്രവൃത്തിയും ഒരുവർഷത്തിലേറെ നീണ്ടതിനാൽ ഗതാഗതം ദുരിതമെന്ന് ബസ് ഉടമകൾ. റോഡ് പൊളിച്ചിട്ടതിനാൽ മഴ പെയ്തതോടെ ബസുകൾ സർവിസ് നടത്തുന്നത് ദുഷ്കരമായിട്ടുണ്ടെന്നും ബസുടമകളും ജീവനക്കാരും വലിയ പ്രതിസന്ധിയിലാണെന്നും റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഈ റൂട്ടിൽ ബസുകൾ സർവിസ് നിർത്തിവെക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി അറിയിച്ചു. പൊതുമരാമത്ത് മന്ത്രി, ജില്ല കലക്ടർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ നിവേദനം നൽകി. ബസുകൾ നിർത്തിവെച്ചുള്ള സമരത്തിന് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു. കാളികാവ്-പൂക്കോട്ടുംപാടം 12 കിലോമീറ്ററോളം വരുന്ന പല ഭാഗങ്ങളിലും റോഡിന് പകുതിയും പൂർത്തിയായ ഭാഗം മണ്ണിട്ട് നിരത്താതെയുമാണ് ഇട്ടിരിക്കുന്നത്. ഇത് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഡ്രൈനേജ് പ്രവൃത്തി പലഭാഗത്തും പൂർത്തീകരിച്ചിട്ടില്ല. പൂർത്തീകരിച്ച ഭാഗത്ത് സ്ലാബിടാതെയും മണ്ണ് റോഡിൽനിന്ന് നീക്കാത്ത സ്ഥിതിയാണ്. റോഡുകൾ പൊളിച്ചിട്ടതിനാൽ കുണ്ടും കുഴിയുമായും ചളിനിറഞ്ഞ് അവസ്ഥയാണ്. യാത്രക്കാരുമായി വരുന്ന ബസുകൾ കുഴികളിൽനിന്ന് കയറാൻ പാടുപെടുന്ന സ്ഥിതിയിൽ പലപ്പോഴും ബസിൽനിന്ന് യാത്രക്കാരെ ഇറക്കി കയറ്റിയാണ് വരുന്നത്. കാളികാവ്-നിലമ്പൂർ റൂട്ടിൽ 30ഓളം ബസുകൾ 100 ലധികം ട്രിപ്പുകൾ ദിവസവും ഓടുന്നുണ്ട്. സ്കൂളുകളിലേക്കും കോളജുകളിലേക്കും വരുന്ന വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും വരികയും പോകുകയും ചെയ്യുന്ന രോഗികളടമുള്ള യാത്രക്കാർ ബസുകളെയാണ് ആശ്രയിക്കുന്നതെന്നും ആയിരക്കണക്കിന് യാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന ഈ റോഡിലെ പ്രവൃത്തികൾ സാവധാനത്തിലാണ് നടക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിയാസ് ചാലിയാർ, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, കെ.ടി. മെഹബൂബ്, എ വൺ ബാബു മമ്പാട്, കെ. നിധീഷ് കാളികാവ്, അബ്ദുൽ നാസർ കരുവാരക്കുണ്ട് , ഷെമീർ അറക്കൽ, ജലീഷ് മോനുട്ടൻ എന്നിവർ സംസാരിച്ചു.
2024-07-27