അരീക്കോട്: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിലെ താരങ്ങളും പരിശീലകരും വെള്ളിയാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കും. മുബൈയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ മൂന്ന് ക്ലബുകൾ മാത്രമാണ് രാജ്യത്തുനിന്ന് നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ജില്ലയിൽ നിന്നുള്ള മുത്തൂറ്റ് ഫുട്ബാൾ അക്കാദമിക്ക് പുറമെ പഞ്ചാബ് എഫ്.സിയും ഈസ്റ്റ് ബംഗാൾ എഫ്.സിയുമാണ് മറ്റ് രണ്ടു ടീമുകൾ. ടൂർണമെന്റിൽ 57 ടീമുകളാണ് മത്സരിച്ചിരുന്നത്. ഇതിൽനിന്ന് മിന്നും പ്രകടനം കാഴ്ചവെച്ചാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ടൂർണമെന്റിലേക്ക് ഇന്ത്യയിൽനിന്ന് യോഗ്യത നേടിയത്. ആഗസ്റ്റ് ഒന്ന് മുതൽ നാല് വരെയാണ് ഇംഗ്ലണ്ടിൽ അണ്ടർ 21 വിഭാഗത്തിൽ നെക്സ്റ്റ് ജനറേഷൻ കപ് മത്സരങ്ങൾ നടക്കുന്നത്.ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ്, എവർട്ടൺ, ടോട്ടനം ഹോട്സ്പർ എന്നീ ഇംഗ്ലിഷ് ടീമുകളും ആഫ്രിക്കയിൽനിന്നുള്ള സ്റ്റെല്ലൻബോഷ് എഫ്.സിയും ഇന്ത്യയിൽനിന്നുള്ള മൂന്നും ഉൾപ്പെടെ എട്ട് ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.
ആസ്റ്റൺ വില്ല ടീമിന്റെ ബോഡി മൂർ ട്രെയ്നിങ് ഗ്രൗണ്ട്, ലഫ്ബറ സർവകലാശാലാ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികൾ. മുത്തൂറ്റ് അക്കാദമിയുടെ അസിസ്റ്റന്റ് കോച്ചായ പുത്തലം സ്വദേശി എം. അനാസിൽ, ടീം ഓണർ തോമസ് മുത്തൂറ്റ് ,ക്ലബ് സെക്രട്ടറി ഒബീഷ് ഉല്ലാസ് , പ്രസിഡന്റ് ഡിബിൻ കെ. ഗോബി, ടീം മാനേജർ പുത്തലം സ്വദേശി നാഫിഹ് നാലകത്ത്, എറണാകുളം സ്വദേശിക്കളായ ഗോൾകീപ്പർ കോച്ച് സുബീഷ്, ഫിസിയോതെറപ്പിസ്റ്റ് അമൽ ലാൽ, കിക്ക് മാനേജർ സന്തോഷ് ഉൾപ്പെടെയുള്ളവരും 20 അംഗ ടീമിനൊപ്പമുണ്ട്.