പെരിന്തല്‍മണ്ണ: ഒറ്റക്ക് താമസിച്ച വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പി കേസില്‍ രണ്ടുപേരെ കഠിനതടവിനും പിഴക്കും ശിക്ഷിച്ചു. കൂട്ടിലങ്ങാടി സ്വദേശികളായ ഒന്നാംപ്രതി കാരാട്ടുപറമ്പ് ചാത്തന്‍കോട്ടില്‍ ഇബ്രാഹിം(37), കാരാട്ടുപറമ്പ് വടക്കേതൊടി വിനോദ്(45) എന്നിവരെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഇബ്രാഹിമിനെ വിവിധ വകുപ്പുകളിലായി 45 വര്‍ഷം കഠിനതടവിനും 1.05 ലക്ഷം രൂപ പിഴയടക്കുന്നതിനും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവിനുമാണ് ശിക്ഷിച്ചത്. വിനോദിന് 25 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാംപ്രതിയുടെ സഹായത്തോടെ ഒന്നാംപ്രതി അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനിരയാക്കുകയും രണ്ടാം പ്രതി നോക്കി നില്‍ക്കുകയും പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.