എടക്കര: രോഗബാധിതനായി നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മരിച്ച വയോധികന്റെ മൃതദേഹം ചാലിയാര്‍ പുഴ കടത്തി വാണിയംപുഴ നഗറിലെത്തിച്ചത് അഗ്നിരക്ഷസേനയുടെ ഡിങ്കി ബോട്ടില്‍. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി വാണിയംപുഴ നഗറിലെ ചെമ്പന്റെ (60) മൃതദേഹമാണ് അഗ്നരക്ഷാ സേനയുടെ സഹായത്തോടെ വാസസ്ഥലത്തെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലായിരുന്നു മരണം. രക്തസമ്മര്‍ദ്ദവും ഷുഗറും കുറവായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചെമ്പനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. അസുഖം ഭേദമായി വന്ന ചെമ്പനെ വ്യാഴാഴ്ചയാണ് പനി ബാധിച്ച് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് പുഴയുടെ മറുകരയെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുട്ടുകുത്തി കടവില്‍ പാലമില്ലാത്തതിനാല്‍ മൃതദേഹവുമായി ചാലിയാര്‍ പുഴ മുറിച്ച് കടന്ന് വാണിയംപുഴ നഗറിലെത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ബന്ധുക്കള്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. പത്തരയോടെ സേനാംഗങ്ങള്‍ ഡിങ്കി ബോട്ടുമായി ഇരുട്ടുകുത്തിയിലെത്തി. എന്നാല്‍, പുഴയില്‍ വെള്ളം കുറഞ്ഞതിനെത്തുടര്‍ന്ന് ബോട്ടിന്റെ മോട്ടോര്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കയറ്റിയ ഡിങ്കി ബോട്ട് വടംകെട്ടി പുഴയുടെ മറുകരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഇരുട്ടുകുത്തി നഗറിലെ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചതും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയായിരുന്നു. 2019 ലെ പ്രളയത്തില്‍ ഇരുട്ടുകുത്തിയിലെ പാലം ഒലിച്ചുപോയതോടെ വനവാസികള്‍ കടുത്തി ദുരിതത്തിലാണ്. അനിതയാണ് ചെമ്പന്റെ ഭാര്യ. മക്കൾ: അരുണ്‍, അനൂപ്, അഞ്ജന, അക്ഷര, അനുരാധ.
2024-06-29