മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടിക്ക് സർക്കാറിന്റെ ഭരണാനുമതി. യന്ത്രം വാങ്ങാൻ 7.19 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2.90 കോടി രൂപ കൂടി അനുവദിച്ചാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 10 കോടി രൂപയാണ് യന്ത്രത്തിന്റെ വില. 7.19 കോടി രൂപ അനുവദിച്ചതിന് ശേഷം ബാക്കി വരുന്ന മൂന്നുകോടി രൂപക്കായി മെഡിക്കൽ കോളജ് അധികൃതർ പലതവണ സർക്കാറിന് കത്ത് നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തുക അനുവദിക്കാൻ കാലതാമസം നേരിടുമെന്നായിരുന്നു മറുപടി. സർക്കാർ 7.19 കോടി രൂപ അനുവദിച്ചപ്പോൾ കേരള മെഡിക്കൽ കോർപ്പറേഷനുമായി കരാറുണ്ടാക്കുകയും യന്ത്രം വാങ്ങാൻ ആദ്യഗഡുവായി ഈ തുക കൈമാറുകയും ചെയ്തിരുന്നു. സാധാരണ എം.ആർ.ഐ യന്ത്രം വാങ്ങാനായിരുന്നു പദ്ധതി. യന്ത്രം സ്ഥാപിക്കാൻ ഇന്റർവെൻഷണൽ റേഡിയോളജി ബ്ലോക്കിൽ പ്രത്യേക മുറിയും സജ്ജമാക്കി.
വിദ്യാർഥികളുടെ പഠനം മുന്നിൽകണ്ട് അതിനൂതന സ്കാനിങ് യന്ത്രം വേണമെന്ന് ഡിപ്പാർട്ടുമെന്റിലെ മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പത്തു കോടിയുടെ യന്ത്രം വാങ്ങാൻ തീരുമാനിച്ചത്. ഇതോടെയാണ് നേരത്തെ അനുവദിച്ച ഫണ്ടിനൊപ്പം മൂന്നു കോടി രൂപ കൂടി ആവശ്യമായത്. എക്സ്റേ യൂനിറ്റ്, സി.ടി സ്കാൻ സംവിധാനങ്ങളാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇത് പലപ്പോഴും തകരാറിലാകുന്ന സാഹചര്യമുണ്ട്. ഗുരുതര രോഗികൾ നിലവിൽ എം.ആർ.ഐ സ്കാനിങ്ങിനായി വലിയ തുക നൽകി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. പുതിയ എം.ആർ.ഐ യൂനിറ്റ് വന്നാൽ രോഗികൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലും ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ സേവനവും ലഭിക്കും.