വള്ളിക്കുന്ന്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര മുതൽ തലപ്പാറ വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരിശോധന റിപ്പോർട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജില്ല കലക്ടർക്ക് കൈമാറി. ആറുവരിപ്പാത നിർമാണത്തിൽ സർവത്ര അപാകത ഉള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എം.എൽ.എയുടെ പ്രതിനിധി, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, എൻ.എച്ച്.ഐ.എ പ്രതിനിധികൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ സ്ഥല പരിശോധന റിപ്പോർട്ടാണ് തുടർനടപടിക്കായി കലക്ടർക്ക് കൈമാറിയത്. കഴിഞ്ഞ മാസം പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ നിർദേശ പ്രകാരമാണ് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കി നൽകാൻ കലക്ടർ ഉത്തരവിട്ടത്. സ്ഥല പരിശോധന വേളയിൽ എൻ.എച്ച്.ഐ.എയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ ആരും പങ്കെടുക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എൻ.എച്ച് നിർമാണ പ്രവർത്തിമൂലം ജനപ്രയാസങ്ങൾ നേരിട്ട് ശേഖരിച്ച് തയാറാക്കിയ റിപ്പോർട്ടിൽ നിർമാണക്കമ്പനിയുടെ അനാസ്ഥ ചുണ്ടിക്കാട്ടുന്നുണ്ട്. പാണമ്പ്ര വളവിൽ പഴയ റോഡിനോട് ചേർന്ന് എൻ.എച്ചിന്റെ ഭൂമിയിൽനിന്ന് മണ്ണ് നീക്കുന്നത് കാരണം രൂപപ്പെടുന്ന വെള്ളക്കെട്ട്, കാക്കഞ്ചേരി-പള്ളിയാളി-ചേലുപ്പാടം റോഡിലെ ഗതാഗതടസ്സം, കാക്കഞ്ചേരി വളവിൽ പാർശ്വഭിത്തിയുടെ ബലക്ഷയം, കാക്കഞ്ചേരി, ഇടിമൂഴിക്കൽ, മൂന്നിയൂർ പാലക്കൽ ഭാഗങ്ങളിൽ കൾവെർട്ടിൽ നിന്നുള്ള വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകി വീടുകളുടെ ഉള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കൽ, കാക്കഞ്ചേരി ഭാഗത്ത് വീടിനോട് ചേർന്ന പറമ്പിന്റെ ഭാഗം ഒലിച്ച് പോയി ചുറ്റുമതിലിന് കേടുപാടുകൾ സംഭവിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.
എൻ.എച്ച്.ഐ.എ നിർമിച്ച കൾവെർട്ടുകൾ ഭൂരിഭാഗവും പ്രദേശത്തിന്റെ പ്രകൃതി പഠിക്കാതെയാണ് നിർമിച്ചതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തലപ്പാറ ജങ്ഷനിൽ സർവിസ് റോഡ് താഴ്ന്ന നിലയിലും ചെമ്മാട് റോഡ് ഉയർന്നുമാണ് ഉള്ളത്. ഇത് മൂലമുണ്ടാവുന്ന വെള്ളക്കെട്ടും നിർമാണ അപാകതയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചേളാരിയിൽ ബസ് സ്റ്റോപ്പ് നിർമിച്ചതിലെ അപാകത, പാണമ്പ്രയിൽ കൾവെർട്ടിൽനിന്ന് വെള്ളം മദറസ പറമ്പിലെത്തുന്നത് ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. അതത് പഞ്ചായത്തുകളുമായി ചേർന്ന് വെള്ളം ഒഴുക്കി വിടാനുള്ള സൗകര്യം പരിശോധിച്ച് കണ്ടെത്താനും റിപ്പോർട്ടിൽ നിർദേശമുണ്ട്.
നിലവിലെ സാഹചര്യത്തിൽ വെള്ളക്കെട്ട് മൂലം ഗുരുതരമായ ഭീഷണി ഉണ്ടാകാൻ സാധ്യതയുള്ളതായും സൂചനയുണ്ട്. തദ്ദേശവാസികൾ പങ്കുവെച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി വിവിധ ജനപ്രതിനിധികൾ ലഭ്യമാക്കിയ നിവേദനങ്ങളും റിപ്പോർട്ടിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.