അരീക്കോട്: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ച നേവി ഫുട്ബാൾ താരം ടി. വിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം തിരുവാലിയെ കണ്ണീരിലാഴ്ത്തി. രണ്ടുമാസം മുമ്പ് ജന്മനാട്ടിൽ എത്തിയിരുന്നു. ഭാര്യ, മാതാവ്, മകൾ എന്നിവരോടൊപ്പം തൂത്തുക്കുടിയിലാണ് ജോലി ലഭിച്ചശേഷം താമസം. ചെറുപ്പം തൊട്ടേ ഫുട്ബാളിനോട് വളരെയേറെ ഇഷ്ടമുണ്ടായിരുന്ന വിഷ്ണു പിന്നീട് അത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.
അണ്ടർ- 17, അണ്ടർ- 19, അണ്ടർ- 21 കേരള ടീമുകളിൽ അംഗമായിരുന്നു. കേരള യൂനിവേഴ്സിറ്റിക്കായും പന്തുതട്ടി. ജി.വി. രാജയിൽനിന്ന് കോച്ചിന്റ നിർദേശപ്രകാരമാണ് നേവിയിൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്. സർവീസസിനായും ബൂട്ടുകെട്ടി. പ്രാദേശികമായി നിരവധി ടീമുകൾക്കായും ബൂട്ടണിഞ്ഞു. മിഡ്ഫീൽഡിലും ഫോർവേഡിലുമെല്ലാം മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്.
ഇതിനിടയിൽ മത്സരത്തിൽ പരിക്കേറ്റതോടെ പ്രഫഷനൽ ഫുട്ബാൾ മത്സരങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിന്നു. തുടർന്ന് നേവിയിൽ ജനറൽ ഡ്യൂട്ടി ചെയ്തു വരുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. എല്ലാവരോടും സൗമ്യമായ ഇടപെടൽ. ചിരിച്ചുകൊണ്ട് മൈതാനത്തിലെത്തുന്ന വിഷ്ണു മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴും ആ പുഞ്ചിരിയോടെയായിരുന്നു മടങ്ങിയിരുന്നത്.