പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറത്ത് വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച എം.എസ്.എഫ് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ​ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്ലസ് വൺ പഠനത്തിന് മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്നാവശ്യപ്പെട്ട് എം.എസ്. എഫ് മലപ്പുറത്ത് ഹയർസെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പ്രതിഷേധിച്ചു. ആർ.ഡി.ഡി.ഡി ഓഫിസ് അടച്ചുപൂട്ടൽ സമരത്തിന്റെ ഭാഗമായി തുടർച്ചയായ നാലാം ദിവസവും നടന്ന പ്രതിഷേധം പൊലീസ് തടഞ്ഞു.

ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ആർ.ഡി.ഡി ഓഫീസിൽ കയറി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൺവീനർ മബ്റൂഖ് കോട്ടക്കൽ, വേങ്ങര മണ്ഡലം പ്രസിഡൻറ് എൻ.കെ. നിഷാദ് ചേറൂർ, ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ഭാരവാഹികളായ ആബിദ് കൂന്തള, പി.കെ മുബഷിർ,ആഷിഖ് കാവുങ്ങൽ,സക്കീർ കെ.പി. ശഫീഖ് കെ.പി ,ജാനിഷ് ബാബു ഇ.കെ, എന്നിവരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഇടതു സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് ഹൈവേ ഉപരോധിച്ചു.

ജില്ല വൈസ് പ്രസിഡന്റ് വി.ടി.എസ്.ഉമർ തങ്ങൾ, ജില്ല സെക്രട്ടറിമാരായ ഫായിസ് എലാങ്കോട്, ജസിം കൊളത്തൂർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം ഫർഹാൻ, ഹിലാൽ തവനൂർ, ഉസാമ നിദാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലപ്പുറത്ത് 32,336 വിദ്യാർത്ഥികൾക്ക് സീറ്റില്ലെന്നും മലബാറിൽ 70,000 വിദ്യാർത്ഥികൾക്കാണ് തുടർപഠനത്തിന് അവസരം നിഷേധിക്കപ്പെട്ട് പുറത്ത് നിൽക്കുന്നത് എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *