വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വേങ്ങരയിൽ യോഗം ചേർന്നത്.

ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് നാല് കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമായി പ്രവർത്തിച്ചിരുന്നതിനാൽ നൂറോളം കട്ടിലുകളും കിടക്കകളുമടക്കം കിടത്തി ചികിത്സക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.

എക്സ്റേയും ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവുമുണ്ട്. കൂടാതെ ഒരു സിവിൽ സർജൻ, എട്ട് അസിസ്റ്റന്റ് സർജൻ എന്നിവരടക്കം ഒമ്പത് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, മൂന്ന് ലാബ് ടെക്നീഷ്യൻമാർ, നാല് ഫാർമസിസ്റ്റുകൾ, രണ്ട് വീതം ഗ്രേഡ്-രണ്ട് ക്ലീനിങ്ങ് ജീവനക്കാർ എന്നിവരുമുണ്ട്. കൂടുതലായി ആവശ്യമുള്ള ക്ലീനിങ്ങ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും. ഇതിന് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നാല് ലക്ഷം വകയിരുത്തി. കഴിഞ്ഞ ദിവസം വികേന്ദ്രീകരണ അസൂത്രണ കമ്മിറ്റി ഇതിന് അനുമതി നൽകിയതോടെയാണ് സാങ്കേതിക തടസ്സം നീങ്ങിയത്.

ഇത് സംബന്ധിച്ച് ചേർന്ന യോഗം പ്രസിഡന്റ് മണ്ണിൽ ബൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഹസീന, കെ.കെ. മൻസൂർ കോയ തങ്ങൾ, യു.എം. ഹംസ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. സുഹിജാബി, സഫിയ മലേക്കാരൻ, പി.പി. സഫീർ ബാബു, എടരിക്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തയ്യിൽ ഫസലുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം പറങ്ങോടത്ത് അസീസ്, എൻ. ഉബൈദ്, മെഡിക്കൽ ഓഫിസർ ജസീനാബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *