തിരൂർ: ട്രെയിന് നേരെയുള്ള കല്ലേറ് പതിവായതോടെ മുന്നറിയിപ്പുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. കല്ലേറ് കുട്ടിക്കളിയായി കാണാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണ് ആർ.പി.എഫ് മുന്നറിയിപ്പ്. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ കല്ലെറിയുന്ന സംഭവങ്ങൾ സമീപകാലത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനലവധിക്ക് സ്കൂളുകൾ അടച്ചശേഷമാണ് ട്രെയിന് നേരെയുള്ള കല്ലെറിയൽ കൂടിയതെന്നാണ് ആർ.പി.എഫ് അന്വേഷണത്തിൽ വ്യക്തമായത്.
റെയിൽപാളങ്ങൾക്കു സമീപം കളിക്കുന്ന കുട്ടികളാണിതിന് പിന്നിലെന്നും ആർ.പി.എഫ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. വന്ദേഭാരത് എക്സ്പ്രസിന് നേർക്കുണ്ടായ കല്ലേറിൽ നടന്ന അന്വേഷണത്തിലും കുട്ടികളെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പാളത്തിൽ കല്ലുകൾ വച്ച സംഭവം അന്വേഷിച്ചപ്പോഴും പിടിയിലായത് കുട്ടിയാണ്. ഈ കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കിയിരുന്നു. തുടർന്ന് വെള്ളിമാടുകുന്നിലെ ജുവനൈൽ ജസ്റ്റിസ് ഹോമിൽ ഒരാഴ്ച താമസിപ്പിക്കാൻ ബോർഡ് നിർദേശം നൽകി. യുട്യൂബിൽ കണ്ടത് നേരിട്ട് പരീക്ഷിക്കാനാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് കുട്ടി ആർ.പി.എഫിന് മൊഴി നൽകിയത്. ഇത്തരത്തിൽ കല്ലെറിയുന്നതിനും പാളത്തിൽ കല്ലുകൾ വെക്കുന്നതിനുമെതിരെ തിരൂർ ആർ.പി.എഫ് പ്രദേശത്തുള്ള മിക്ക സ്കൂളുകളിലും ബോധവത്കരണം നടത്തിയിരുന്നു. എന്നിട്ടും സംഭവങ്ങൾ തുടരുകയാണ്ത്. ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാനാണ് ആർ.പി.എഫിന്റെ തീരുമാനം. രക്ഷിതാക്കളും അധ്യാപകരും ഇത്തരം കാര്യങ്ങളിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.