കുറ്റിപ്പുറം: ഗവ. ഹൈസ്കൂളിന് സമീപം സപ്ലൈകോ വിൽപനശാലയിൽ മോഷണം. ബുധനാഴ്ച പുലർച്ചെ നാലിനും അഞ്ചരക്കും ഇടയിലാണ് സംഭവം. രണ്ടുപേർ ഷട്ടർ കുത്തിത്തുറന്ന് ചില്ല് അടിച്ചുതകർത്താണ് അകത്തുകയറിയത്. കടയിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകർത്തു. ഷെൽഫിൽ സൂക്ഷിച്ച പണം കവർന്നു. രാവിലെ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടത്.
ഉടൻ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തവനൂരിലെ മൂന്ന് വീടുകളിൽ മോഷണം നടന്നിരുന്നു.