നിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താർ അസർക്കിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. ബാർബർ ഷോപ്പ് നടത്തുന്ന അസർക്ക് മണിമൂളി നെല്ലിക്കുത്തിലെ കട അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിന് മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് പറയുന്നു. പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണു. ബൈക്കിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ പുലിയെ വ‍്യക്തമായി കണ്ടതായി യുവാവ് പറയുന്നു. അസർക്ക് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് ഇന്ന് രാവിലെ നെല്ലിക്കുത്ത് ഡെപ‍്യൂട്ടി റെയ്ഞ്ച് ഓഫീസർ എം. വിജയൻ, ഫോറസ്റ്റ് ഓഫീസർ കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി. റോഡിനോട് ചേർന്ന് ഒരു കാൽപാട് കണ്ടെത്തി. വ‍്യക്തമല്ലാത്തതിനാൽ ഇത് പുലിയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് വ‍്യാഴാഴ്ച രാത്രിയും പുലിയെ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒരു കിലോമീറ്ററോളം അകലെ മരത്തിൻ കടവിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. സംഭവസ്ഥലത്തുനിന്നും 100 മീറ്റർ അകലെയാണ് നെല്ലിക്കുത്ത് വനപ്രദേശം. ഇവിടെ പുലിയുടെ സാന്നിധ‍്യം നേരത്തെ വനം വകുപ്പ് സ്ഥിരീകരിച്ചതാണ്.