വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് യാഥാർഥ്യമാകുന്നതോടെ വൈലത്തൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകും. ചെറിയമുണ്ടം, താനാളൂർ പഞ്ചായത്തുകളിലെ 20 കുടുംബങ്ങൾ സൗജന്യമായാണ് റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. പൊന്നാനി കർമ റോഡ് മാതൃകയിലാണ് ബൈപാസ് റോഡ് നിർമിക്കുന്നത്.
ബൈപാസ് റോഡിന് സമാന്തരമായി നാലുമീറ്റർ വീതിയുള്ള തോടുമുണ്ട്. അതിനാൽ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാകും. അമീറ കുനിയിൽ, റാഫി മുല്ലശ്ശേരി, മുൻ അംഗങ്ങളായ എൻ. മുജീബ് ഹാജി, കെ.വി. മൊയ്തീൻ കുട്ടി, കളത്തിൽ ബഷീർ, കളരിക്കൽ റസാഖ്, കെ.വി ഖാലിദ്, പി.പി. അബ്ദുറഹിമാൻ, നിസാർ, കെ. ബാബു എന്നിവർ സംബന്ധിച്ചു.