പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി ബിരുദം സ്വീകരിച്ച് മതവൈജ്ഞാനിക രംഗത്തേക്ക് പ്രവേശിച്ചു. ഇതോടെ 8819 ഫൈസിമാരാണ് ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കിയത്.
സമ്മേളനവേദിയായ പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം, മതവിജ്ഞാന ദാഹികളുടെ സംഗമഭൂമികയായ ജാമിഅ നൂരിയയെ ശുഭ്രസാഗരമാക്കി. അഞ്ച് ദിവസങ്ങളിലായി നടന്ന വൈജ്ഞാനിക- ദാർശനിക സെഷനുകൾക്ക് ശേഷം നടന്ന സമാപനസമ്മേളനത്തിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രമുഖരുൾപ്പെടെയുള്ള പണ്ഡിതർ പ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ മുതൽ തന്നെ ജനം ഫൈസാബാദിനെ ലക്ഷ്യമാക്കി എത്താൻ തുടങ്ങിയിരുന്നു. വൈകുന്നേരം നടന്ന പ്രാർഥനാസദസ്സിലും സമ്മേളനനഗരിയിൽ നടന്ന മഗ്രിബ് നമസ്കാരത്തിലും നിരവധി പേർ പങ്കെടുത്തു. സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും നാടിന്റെ നാനാദിക്കുകളിൽ നിന്നും നിരവധി പേരെത്തി.
ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രാർഥനക്ക് അദ്ദേഹം നേതൃത്വം നൽകി. അബ്ബാസലി ശിഹാബ് തങ്ങൾ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജാമിഅ നൂരിയ്യ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിച്ചു. ജാമിഅ പ്രിൻസിപ്പൽ കെ. ആലിക്കുട്ടി മുസ്ലിയാർ സനദ് ദാന പ്രസംഗം നിർവഹിച്ചു.
മാണിയൂർ അഹ്മദ് മുസ് ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. എം.പി. അബദുസ്സമദ് സമദാനി എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, മുനവറലി തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, ഹാഷിറലി ശിഹാബ് തങ്ങള്‍, ഹാരിസലി ശിഹാബ് തങ്ങള്‍, അബ്ദുറഷീദ് അലി ശിഹാബ് തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, പുത്തനഴി മൊയ്തീന് ഫൈസി, ഹസൻ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്ദലി ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി. മുസ്തഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, സല്മാന് ഫൈസി മിര്ജാനി, അബ്ദുറഹിമാന് ഫൈസി കുട്ടശ്ശേരി, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, നാലകത്ത് സൂപ്പി, സലീം എടക്കര, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുപുറം തുടങ്ങിയവർ സംസാരിച്ചു.