മഞ്ചേരി: 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ 60കാരന് 21 വര്‍ഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വേങ്ങര ഇരിങ്ങല്ലൂര്‍ കാവുങ്ങല്‍ മോഹന്‍ദാസിനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ച് വര്‍ഷം കഠിന തടവ്, അര ലക്ഷം രൂപ പിഴ എന്നതാണ് ശിക്ഷ. പോക്സോ ആക്ടിലെ 9 (എല്‍), 9 (എം) വകുപ്പുകളില്‍ ഏഴ് വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. മൂന്നു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
2019 നവംബര്‍ മുതല്‍ 2020 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ മുന്‍വശത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അരിവാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വേങ്ങര എസ്.ഐ ആയിരുന്ന എന്‍. മുഹമ്മദ് റഫീഖാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. എ.എസ്.ഐമാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍മാര്‍.