കോഴിക്കോട്: ‘തട്ടം’ വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുകയും അടിസ്ഥാന തത്വം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം. കമ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ തുറന്നുപറച്ചിൽ. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ. അനിൽകുമാർ പറഞ്ഞു. മുസ് ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി.