മഞ്ചേരി: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി നൽകാനും എല്ലാ കുട്ടികളിലും കൃഷി ഒരുസംസ്കാരമായി മാറ്റുന്നതിനുമായി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ അര ഏക്കർ സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.
പയർ, വെണ്ട ചേന, ചേമ്പ്, കപ്പ, പച്ചമുളക്, ഇഞ്ചി, കോവക്ക, വഴുതന, തക്കാളി, മത്തൻ, ചുരങ്ങ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജൈവ കമ്പോസ്റ്റ് വളവും മറ്റു ജൈവ വളങ്ങളുമാണ് കൃഷികൾക്കായി ഉപയോഗിക്കുന്നത്. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫിസർമാരും കൃഷി ഓഫിസറുടെ നേതൃത്വത്തിെല സംഘവും പച്ചക്കറിത്തോട്ടം സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പകുതിയിലധികം കുട്ടികളുടെ വീട്ടിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. വിഷരഹിത പച്ചക്കറി ഉപയോഗിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനുള്ള സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും പി.ടി.എയും. പദ്ധതിയുടെ ഭാഗമായി അമ്പതോളം ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.സ്കൂൾ പരിസ്ഥിതി ക്ലബും ഹരിത ക്ലബും സംയുക്തമായാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.