മങ്കട: പടിഞ്ഞാറ്റുമുറി ബി.എഡ് സെന്ററിൽനിന്ന് പടിയിറങ്ങുന്ന ഗോപാലൻ മങ്കടയുടെ ചരിത്ര പൈതൃക മ്യൂസിയം മങ്കട പഞ്ചായത്ത് പരിധിക്കുള്ളിൽ സംരക്ഷിക്കാൻ തീരുമാനമായി. ഈ വിഷയത്തിൽ മങ്കട ജി.എൽ.പി സ്കൂളിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.
മങ്കട പെരുമ്പറമ്പിൽ സമദ് മങ്കട സൗജന്യമായി നൽകുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചരിത്ര പൈതൃകങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തൽക്കാലം മ്യൂസിയത്തിലെ വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായി. മങ്കടയിലെ ടൂറിസം വികസനംകൂടി മുന്നിൽകണ്ട് ചരിത്ര പ്രാധാന്യമുള്ള അയിരുമടകൾ സ്ഥിതിചെയ്യുന്ന പെരുമ്പറമ്പിൽ പഴയകാല ചരിത്രവും പ്രതാപങ്ങളും വരുംതലമുറക്ക് പഠിക്കാൻ ഉതകുന്ന തരത്തിൽ സംരക്ഷിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മ്യൂസിയം ഒരുക്കുക. മങ്കട ജി.എൽ.പി സ്കൂളിൽ ചേർന്ന യോഗം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കർ അലി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ എം. മുഹമ്മദ് മുസ്തഫ, സി. അരവിന്ദൻ, സമദ് മങ്കട, ഉമർ തയ്യിൽ, വാർഡ് അംഗങ്ങളായ ജംഷീർ, അബ്ബാസ് പൊട്ടേങ്ങൽ, കെ.ടി. റിയാസ്, കളത്തിൽ മുസ്തഫ, ബ്ലോക്ക് അംഗം ടി.കെ. ശശീന്ദ്രൻ, ഗോപാലൻ മങ്കട, വാസുദേവൻ, മുനീർ മങ്കട, കളത്തിൽ മുഹമ്മദലി, പി. ഗോപാലൻ, സൽമാൻ, സുരേന്ദ്രൻ മങ്കട എന്നിവർ സംസാരിച്ചു.