സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ട്ടി ഫണ്ട് എന്ന രീതിയിലാണ് പണം വാങ്ങിയത്. അതു കൃത്യമായി പാര്‍ട്ടി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ല.

പ്രത്യുപകാരമായി എംഡി ശശിധരൻ ക‍ര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് ക‍ര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം ഗുരുതരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. ഞാൻ പണം വാങ്ങിയത് പാ‍ര്‍ട്ടിക്ക് വേണ്ടിയാണ്. കർത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കൾക്കും മറ്റും പണം നൽകുന്നതെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ ആദായനികുതി വകുപ്പിനു മൊഴി നൽകിയത്. സുരേഷ്കുമാറിന്റെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയിൽ പി.വി, ഒ.സി, ആർ.സി, കെ.കെ, ഐ.കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകൾ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്നു സുരേഷ് മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *