തിരൂർ: അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ കണ്ടെത്താൻ ആലത്തിയൂർ ടൗണിൽ തിരൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറു പേർ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം പിടിയിലായത്.
കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി (37), ആലത്തിയൂരിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന സുൽത്താൻ ബത്തേരി സ്വദേശി കള്ളിയത്ത് അഫ്സൽ (38), ആലത്തിയൂർ സ്വദേശികളായ ഞാറക്കാട്ട് അഫ്സൽ (26), തറയിൽ പറമ്പിൽ അജീഷ് (39), കരിപ്പോട്ടിൽ കൃഷ്ണൻകുട്ടി (52), ചിറ്റേടത്ത് ചന്ദ്രൻ(62) എന്നിവരാണ് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ മൊബൈൽ ആപ്ലിക്കേഷനും കുറിപ്പെഴുത്തുകളുമായി പിടിയിലായത്.
പ്രതികളിൽനിന്ന് 28,000 രൂപയും ആറ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. അനധികൃത ലോട്ടറി ചൂതാട്ട സംഘത്തിലെ പ്രധാനിയായ ഷാഫി മുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലോട്ടറി കട അല്ലാത്ത കടകൾ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി വ്യാപകമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ പ്രദീപ് കുമാർ, സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത്, സി.പി.ഒമാരായ രതീഷ് കുമാർ, അജിത്ത് ലാൽ, അമൽ, ജിനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചൂതാട്ട സംഘത്തിലെ മറ്റുള്ളവർക്കായി കർശന നിരീക്ഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.