പൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ സർവിസിന് കൊണ്ടുവന്ന ഉല്ലാസബോട്ട് പുഴയിൽ മുങ്ങി.പൊന്നാനി ഭാരതപ്പുഴയിലെ കർമയിൽ സർവിസ് നടത്താൻ എത്തിച്ച ജിത്തു എന്ന യാത്രാബോട്ടാണ് മുങ്ങിയനിലയിൽ കണ്ടെത്തിയത്.
പൊന്നാനി സ്വദേശികളായ ഉസീർ, മുനീർ, ഷാഹിദ്, ഷെബീർ, സുഹൈർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജിത്തു എന്ന ബോട്ട് വ്യാഴാഴ്ച പുലർച്ചെയാണ് മുങ്ങിയതായി കണ്ടത്. മൂന്നുമാസം മുമ്പാണ് ബോട്ട് സർവിസിനായി കൊച്ചിയിൽനിന്നും പൊന്നാനിയിലെത്തിച്ചത്.
എന്നാൽ താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോട്ട് സർവിസ് നടത്താനായില്ല. 30പേരെ ഉൾകൊള്ളാവുന്ന ബോട്ടാണിത്. ബോട്ടിന്റെ പാതിഭാഗം മുങ്ങിയ നിലയിലാണ്.ഏകദേശം ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായാണ് ഉടമകളുടെ പരാതി.