കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കാസർകോഡ് ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസലിനും വനിതകളടക്കം നിരവധി പ്രവർത്തകർക്കും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എടുക്കുന്ന കള്ളക്കേസുകൾക്കെതിരെ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

മലപ്പുറം എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ വനിതകളടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. എ.പി അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി അധ്യക്ഷൻ വി.എസ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

കൊല്ലം സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് നടന്ന മാർച്ചിലും സംഘർഷമുണ്ടായി. കമീഷണർ ഓഫിസിന് സമീപത്തെ പാർക്കിന്‍റെ മതിൽ ചാടി കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ആംബുലൻസിൽ പരിക്കേറ്റവരെ ജീല്ല ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ വാഹനത്തിൽ നിന്ന് പുറത്തുചാടി. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇവരെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

വയനാട് ജില്ല പൊലീസ് ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. എസ്.പി ഓഫിസിന് മുമ്പിൽ ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദീഖ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുത്താൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്ന് ടി. സിദ്ദീഖ് പറഞ്ഞു. വയനാട് ഡി.സി.സി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, കെ.എൽ പൗലോസ് എന്നിവർ സംസാരിച്ചു.

കാസർകോട്ട് കോൺഗ്രസ് നടത്തിയ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിലും സംഘർഷത്തിലും ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസൽ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.സി.സി പ്രസിഡന്റിന് തലക്ക് അടിയേറ്റാണ് പരിക്ക്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ അവരെ തടയാൻ ചെന്ന തന്നെ ഡിവൈ.എസ്.പി പി.കെ സുധാകരൻ ലാത്തികൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് ആശുപത്രിയിൽ കഴിയുന്ന പി.കെ ഫൈസൽ ആരോപിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മാർച്ച് ഉദ്‌ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസിന് നേരെ കല്ലേറ് നടത്തുകയും ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ ചെന്നപ്പോഴാണ് ഡി.സി.സി പ്രസിഡന്റിനും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനും പരിക്കേറ്റതെന്നും ഏതാനും പ്രവർത്തകർക്കും പരിക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കല്ലേറിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഡി.സി.സി പ്രസിഡന്റിനെ അക്രമിച്ച വിവരം അറിഞ്ഞതോടെ പ്രവർത്തകർ പ്രകടനമായി വിദ്യാനഗറിലെത്തി ദേശീയപാത ഉപരോധിച്ചു. 10 മിനിറ്റിലധികം ദേശീയപാത സ്തംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രനും മറ്റ് നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

കോഴിക്കോട് എസ്.പി ഓഫിസിലേക്ക് നടന്ന മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുള്ള വാക്കുതർക്കത്തിൽ കലാശിച്ചു. മാനാഞ്ചിറയിലെ ഡി.ഡി.ഇ ഓഫിസിന് മുമ്പിൽ പൊലീസ് മാർച്ച് ബാരിക്കേഡ് നിരത്തി തടഞ്ഞു. കെ. മുരളീധരൻ എം.പി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

തൃശൂരിലെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു.

കണ്ണൂർ എസ്.പി ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗേൾഫ്രണ്ടായ സ്വപ്ന സുരേഷ് ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സി.ബി.ഐയും ഇ.ഡിയും പിണറായിയെ സംരക്ഷിക്കുകയാണ്. പിണറായിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും പെരുമാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *