താനൂർ: കവര് പൂത്ത പാലപ്പുഴ പാടത്തേക്ക് വൻ സന്ദർശക പ്രവാഹം. താനൂർ കളരിപ്പടിയിലെ പുന്നൂക്ക് പാലപ്പുഴ പാടത്താണ് നീല വെളിച്ചം വിതറുന്ന അത്യപൂർവ പ്രതിഭാസമായ കവര് പൂത്തത്. മലയാളികൾക്ക് അധികം പരിചയമില്ലാതിരുന്ന കവര് ആളുകൾ അറിഞ്ഞുതുടങ്ങിയത് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ്.
എറണാകുളത്തെ കുമ്പളങ്ങിയിൽ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരിൽ പ്രത്യക്ഷപ്പെട്ടത്. ചിലയിനം ആൽഗ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ ഇണയെ ആകർഷിക്കാനും ഇരപിടിക്കാനുമായി പുറപ്പെടുവിക്കുന്ന നീലവെളിച്ചമാണ് കവരെന്ന മനോഹര പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം. പകൽ സമയങ്ങളിൽ ഒരു പ്രത്യേകതയുമില്ലാത്ത വെള്ളമാണ് ഇരുട്ടുമ്പോൾ മനോഹരമായ നീല നിറത്തിലേക്ക് മാറുന്നത്. വെള്ളം ഇളക്കുമ്പോഴും കോരിയെറിയുമ്പോഴുമാണ് കണ്ണിന് കുളിരാകുന്ന നീലപ്രകാശം നിറയുന്നത്.
താനൂരിൽ പൂത്ത കവര് കാണാൻ വിദൂര സ്ഥലങ്ങളിൽനിന്നുപോലും ദിവസവും രാത്രി ഏഴുമുതൽ പുലർച്ച വരെ ആയിരക്കണക്കിന് ആളുകളാണ് വരുന്നത്. വാഹനങ്ങളിലും അല്ലാതെയുമായി വൻതോതിൽ സന്ദർശകർ എത്തുന്നത് പരിഗണിച്ച് നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ മുൻകൈയെടുത്ത് പ്രദേശത്താകെ ലൈറ്റുകൾ സ്ഥാപിച്ചു. താൽക്കാലിക തട്ടുകടകളും കച്ചവടക്കാരും പ്രദേശത്ത് വന്നിട്ടുണ്ട്.