പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കുന്ന ബസ് സ്റ്റാൻറ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മുന്നോടിയായുള്ള ധാരണപത്രം സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.ഇതിന്റെ ഭാഗമായി മാർച്ച് 14 ന് വ്യവസായമന്ത്രി പി. രാജീവിന്റെ ചേംബറിൽ യോഗം ചേരും. പൊന്നാനിയുടെ വികസനരംഗത്ത് വലിയ മുന്നേറ്റമാകും ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കുന്ന ബസ് സ്റ്റാൻറ് കം ഷോപ്പിങ് കോംപ്ലക്സ്.
നിർമാണത്തിന് മുന്നോടിയായി നഗരസഭ സ്വകാര്യസംരംഭകനുമായി ഉണ്ടാക്കിയ ധാരണപത്രമാണ് സർക്കാർ അനുമതിക്കായി സമർപ്പിക്കുക. നഗരസഭ മുന്നോട്ടുവെച്ച ഉപാധികളും, നിബന്ധനകളും സംരംഭകർ അംഗീകരിച്ചു. 142 കോടി രൂപയുടെ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർഥ്യമാകുക. അടിസ്ഥാന സൗകര്യങ്ങൾക്കായി നഗരസഭ ഒരു കോടി രൂപയും അനുവദിക്കും.
പദ്ധതിക്ക് നഗരസഭ കൗൺസിൽ യോഗവും അനുമതി നൽകിയിരുന്നു. ഭൂമി വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചവരുമായി അനൗദ്യോഗിക യോഗം ചേർന്നിരുന്നു. തുടർന്ന് 3.8 ഏക്കർ സ്ഥലം വിട്ടു നൽകി. ബസ് സ്റ്റാൻറ്, മത്സ്യ- മാംസ മാർക്കറ്റ്, കംഫർട്ട് സ്റ്റേഷൻ, അറവ് ശാല, ഷോപ്പിങ് മാൾ ഉൾപ്പെടെ ബൃഹദ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ദേശീയപാത വികസന ഭാഗമായി പൊന്നാനിയെ പ്രധാന ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചമ്രവട്ടം ജങ്ഷനിൽ സ്റ്റാൻറ് നിർമ്മിക്കാൻ തീരുമാനിച്ചത്.