നിലമ്പൂർ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കർശനമാക്കി. വെളിയംതോട്ടിൽ പ്രവർത്തിക്കുന്ന ശ്രീരാഗം എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.ശുചിത്വ നിലവാരം പരിശോധിക്കാനും പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി സൂക്ഷിക്കുന്നവരെ കണ്ടെത്താനും കുടിവെള്ള സ്രോതസ്സിന്റെ ശുചിത്വ നിലവാരം ഉറപ്പാക്കാനുമായാണ് പരിശോധന നടത്തിയത്.
സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ജലജന്യ രോഗങ്ങൾ തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, കെ.പി. ഡിന്റോ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.