തുവ്വൂർ: തുവ്വൂരിൽ ചില്ലറ വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവും നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും എക്സൈസ് വകുപ്പ് പിടികൂടി.തുവ്വൂരിലെ ഒടിഞ്ഞൽ സുകുമാരനെ (64) കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ അറസ്റ്റ് ചെയ്തു. തുവ്വൂരും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം സജീവമാണെന്ന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞദിവസം കഞ്ചാവുമായി ഒരാൾ കരുവാരകുണ്ട് പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. തുടർന്നാണ് മദ്യവിൽപന കേസിൽ മുമ്പും പിടിയിലായ സുകുമാരനെ എക്സൈസ് നിരീക്ഷിച്ചുതുടങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി ഇയാൾ പിടിയിലാവുകയായിരുന്നു.പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. പ്രിവന്റിവ് ഓഫിസർമാരായ ശങ്കരനാരായണൻ, പി. അശോക്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, കെ. അമിത്, ടി. സുനീർ, പി. സഫീറലി, സുനിൽകുമാർ, മുഹമ്മദ് ഹബീബ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ. സജിനി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.