തേഞ്ഞിപ്പലം: കുട്ടികളിലെ കായികാഭിരുചി പരിപോഷിപ്പിക്കാൻ കായികമേളകളിൽ പുതിയ പരിഷ്കാരം. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനപ്രകാരം 68ാമത് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇത് നടപ്പാക്കിത്തുടങ്ങി. എ, ബി, സി എന്നീ കാറ്റഗറികളായി തിരിച്ച് അണ്ടർ-14 വിഭാഗക്കാർക്ക് ട്രയാത്ലൺ മത്സരം നടത്തി ഏത് ഇനത്തിലാണോ കൂടുതൽ മികവ് പുലർത്തുന്നത് ആ ഇനത്തിൽ മികച്ച പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം.
ഇതുപ്രകാരം അണ്ടർ-14 ആൺ, പെൺ ട്രയാത്ലൺ എ വിഭാഗത്തിൽ 60 മീറ്റർ, ലോങ്ജംപ് (ശരാശരി 5 മീറ്റർ), ഹൈജംപ് (സ്കൈസർ), ബി വിഭാഗത്തിൽ 60 മീറ്റർ, ലോങ്ജംപ്, ബാക്ക് ത്രോ (ഒരു കിലോ ഷോട്ട്), സി വിഭാഗത്തിൽ 60 മീറ്റർ, ലോങ്ജംപ്, 600 മീറ്റർ എന്നിവയിൽ നിർബന്ധമായും പങ്കെടുക്കണം. അഞ്ചു മീറ്റർ റൺവേയിൽ കിഡ്സ് ജാവലിനും അണ്ടർ 14 വിഭാഗം ആൺ-പെൺ വിഭാഗക്കാർക്കുണ്ട്. ഇവയിൽ ഏതിലാണോ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ആ ഇനത്തിൽ മികച്ച പരിശീലനം നൽകാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
അനുഭവസമ്പത്തുള്ള പരിശീലകർ, മനഃശാസ്ത്ര വിദഗ്ധർ തുടങ്ങിയവരുൾപ്പെട്ട പാനലുണ്ടാക്കിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്. സാധ്യതയും നേട്ടങ്ങളും മാത്രം കണക്കിലെടുത്ത് ഒരു ഇനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മത്സരിക്കുന്ന പ്രവണത ഇല്ലാതാക്കാനും കൂടുതൽ പ്രതിഭകളെ വളർത്തിയെടുക്കാനുമാണ് പരിഷ്കാരമെന്ന് അത്ലറ്റിക്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.