മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു;  മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ  പ്രസം​ഗിച്ചു ;  ജോൺ ബ്രിട്ടാസ് എംപിക്കെതിരെ  പരാതി

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസം​ഗിച്ചു ; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ പരാതി

ദില്ലി: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ്  രാജ്യസഭ ചെയർമാൻ ജഗദീപ് ധൻക്കറിന് പരാതി നൽകിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്‍റെ പ്രസംഗമെന്നാണ് പരാതി.

എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്‍വത്തുള്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍ അത്രയും കേന്ദ്രീകരിച്ചത് ആര്‍എസ്എസിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു.

സംവാദം നടത്തി ആര്‍എസ്എസിന്‍റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്‍റെ ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജോൺ ബ്രിട്ടാസും സിപിഎമ്മും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരു മതസംഘടനയുടെ വേദിയിൽ ഇതരവിഭാഗങ്ങൾക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കളുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും കടന്നാക്രമിച്ചിരുന്നു.

ആര്‍എസ്എസിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടെതെന്ന് പിണറായി തുറന്നടിച്ചു.  മുജാഹിദ് സമ്മേളനത്തിനിടെ പികെ ബഷീറും പികെ ഫിറോസും നടത്തിയ വിമര്‍ശനത്തിനായിരുന്നു അതേ വേദിയില്‍ പിണറായിയുടെ മറുപടി. പി.കെ ബഷീറിനും ആര്‍എസ്എസ് പ്രതിനിധികളെ സമ്മേളനത്തിന് ക്ഷണിച്ച കെഎന്‍എം നേതൃത്വത്തിനും ഉളള മറുപടിയാണ് സമാപന സമ്മേളനത്തിൽ പിണറായി നല്‍കിയത്. തന്‍റെ സാന്നിധ്യത്തിലാണ് പിണറായി ലീഗ് നേതാക്കളെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചതെങ്കിലും തുടര്‍ന്ന് സംസാരിച്ച കുഞ്ഞാലിക്കുട്ടി വിവാദ വിഷങ്ങളിലേക്കൊന്നും കടന്നിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *