ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറക്കിന് നിരോധിത സംഘടനയുമായി ഇത്ര അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലും കരുതിയിരുന്നില്ല
കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് സംഘടനയുടെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ. പ്രമുഖ നേതാക്കളെ അടക്കം വകവരുത്താൻ രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമാണ് ഇയാളെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചു. മുബാറക്ക് ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പിഎഫ്‌ഐ ബന്ധമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു.
അഡ്വ മുഹമ്മദ് മുബാറക് ഹൈക്കോടതിയിൽ അഭിഭാഷകനെന്നാണ് എടവനക്കാടുകാർക്കും ലോക്കൽ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ അടക്കമുള്ള ആയോധന കലകളിൽ പണ്ടേ തന്നെ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരടക്കമുള്ളവരുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെയാണ് നാട്ടിലുള്ള ബന്ധങ്ങൾ നിലച്ചത്.
ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതോടെയാണ് മുബാറക്കിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്തുവരുന്നത്. മൂന്നുവർഷം മുൻപാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. എന്നാൽ ഹൈക്കോടതിയിൽ അധികം കണ്ടവരില്ല. നേരത്ത പോപ്പുലർ ഫ്രണ്ടുമായും എസ്ഡിപിഐയും മുബാറകിന് അടുപ്പമുണ്ടായിരുന്നതായി ലോക്കൽ പൊലീസിനും അറിയാം. എന്നാൽ പിന്നീട് അതെല്ലാം വിട്ട് പൂർണ അഭിഭാഷകനായി മാറിയെന്നായിരുന്നു കരുതിയത്.
നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ നിര നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാൻ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു ഹിറ്റ് സ്‌ക്വാഡിലെ മുഖ്യനായിരുന്നു കാഴ്ചയിൽ സൗമ്യനായ മുബാറക്കെന്നാണ് എൻ ഐ എ പറയുന്നത്.
റെയ്ഡുമായി ബന്ധപ്പെട്ട് ഒരേയൊരു അറസ്റ്റ് എറണാകുളം എടവനക്കാട് അഴിവേലിക്കകത്ത് അഡ്വ. മുഹമ്മദ് മുബാറക്കിന്റേതായിരുന്നു. ഇയാളുടെ വീട്ടിൽ ആയുധം കണ്ടെത്തിയതിനെത്തുടർന്ന് എൻ.ഐ.എ. ഓഫീസിലേക്ക് മാറ്റി ചോദ്യംചെയ്തിരുന്നു.സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകളും ഇയാൾ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടിൽ മുബാറകിന്റെ നേതൃത്വത്തിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇയാൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 4 മണിക്കാണ് പത്തംഗ എൻഐഎ സംഘം മുബാറക്കിന്റെ വീട്ടിലെത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിന് ശേഷം വീട് വിശദമായി പരിശോധിച്ചിരുന്നു. മുബാറക്കിന്റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്.ഇരുപത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റിലേക്ക് എൻഐഎ കടന്നത്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്
മഴുവും വടിവാളുമടക്കമുള്ള ആയുധങ്ങളായിരുന്നു മുബാറക്കിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ബാഡ്മിന്റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എൻ.ഐ.എ. ഉദ്യോഗസ്ഥർ ആയുധങ്ങൾ കണ്ടെടുത്തത്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കൊലപാതകങ്ങളെക്കുറിച്ചും വധഗൂഢാലോചനകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുക എന്നതാണ് മുബാറക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ എൻ.ഐ.എ. ലക്ഷ്യമിടുന്നത്. അഞ്ചുദിവസം കസ്റ്റഡിയിൽ വിട്ടതോടെ വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകും.