വണ്ടൂർ: നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് നിലമ്പൂർ പൊലീസ് കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയ മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് എന്ന ചെമ്പൻ നാണിയെ (62) വണ്ടൂരിൽനിന്ന് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും പിടികൂടി. കഴിഞ്ഞ നവംബർ 23നാണ് മുഹമ്മദിനെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
ഇത് ലംഘിച്ച് പ്രതി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇയാളെ വണ്ടൂരിൽനിന്ന് പിടികൂടിയത്. മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിക്കെതിരെ നിലമ്പൂർ, എടവണ്ണ സ്റ്റേഷനുകളിലായി കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ഒരു വർഷത്തേക്കാണ് ജില്ലയിൽ പ്രവേശന വിലക്കുള്ളത്. കോടതി മുമ്പാകെ ഹാജറാക്കി.