വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത്  താൻ  ഒറ്റയ്ക്കെന്ന് അർഷാദ് ; ഉറക്കച്ചടവില്‍ ആയതിനാല്‍ ചെറുക്കും മുന്‍പ് കുത്തിവീഴ്ത്തി

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കെന്ന് അർഷാദ് ; ഉറക്കച്ചടവില്‍ ആയതിനാല്‍ ചെറുക്കും മുന്‍പ് കുത്തിവീഴ്ത്തി

Wandoor : ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ കൊലപാതക രീതി അർഷാദ് പൊലീസിനോടു വിവരിച്ചു.

തരാനുള്ള പണം പലതവണ ചോദിച്ചിട്ടും സജീവ് നൽകിയില്ല. കൊലപാതകം നടന്നതിന്റെ തലേന്നാൾ രാത്രിയും പണം ചോദിച്ചെങ്കിലും സജീവ് ഒഴിഞ്ഞു മാറി. പുറത്തു പോയി തിരിച്ചെത്തിയ അർഷാദ് സജീവിനൊപ്പം മുറിയിൽ കിടന്നെങ്കിലും ഉറങ്ങിയില്ല. മൂന്നരയോടെ സജീവ് ശുചിമുറിയിൽ പോയി തിരികെ വന്നപ്പോൾ വീണ്ടും പണത്തിന്റെ കാര്യം സംസാരിച്ചു. മറുപടി തൃപ്തികരമല്ലാതെ വന്നതോടെ മുറിയിലുണ്ടായിരുന്ന കത്തി കൊണ്ടു തുടരെ കുത്തിയെന്നാണു അർഷാദിന്റെ മൊഴി. ഉറക്കച്ചടവിൽ ആയിരുന്നതിനാൽ ചെറുത്തു നിൽക്കാനാകും മുൻപേ കുത്തി വീഴ്ത്താൻ കഴിഞ്ഞു. കത്തി കൊലപാതകത്തിനു വേണ്ടി വാങ്ങിയതല്ല. ഫ്ലാറ്റിൽ ഉണ്ടായിരുന്നതാണ്. മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞു കെട്ടി ബാൽക്കണിയോടു ചേർന്നു മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഭാഗത്തു കുത്തിയിറക്കിയ ശേഷം ഫ്ലാറ്റിൽ നിന്നു കടന്നുകളയുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.

മുറിയിലെ രക്തക്കറ തുടച്ചു വൃത്തിയാക്കിയ ശേഷമാണ് സ്ഥലം വിട്ടത്. കാസർകോട്ട് പിടിയിലാകുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വന്തിനെ കൊലപാതക വിവരം അറിയിച്ചിരുന്നില്ലെന്നും അർഷാദ് പൊലീസിനോടു പറഞ്ഞു. അർഷാദിനെ കടന്നുകളയാൻ സഹായിച്ച കുറ്റത്തിനു അശ്വന്തിനെ പ്രതിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാളുടെ പങ്ക് അർഷാദ് നിഷേധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അശ്വന്തിനെ പ്രതിയാക്കുന്ന കാര്യം പൊലീസ് തീരുമാനിക്കും. സുഹൃത്തിനെ കേസിൽ നിന്നു രക്ഷിക്കാനാണോ അർഷാദിന്റെ മൊഴി എന്നു സംശയമുണ്ട്. കൊലപാതകത്തിൽ പങ്കില്ലെങ്കിലും കൊലപാതക വിവരം അറിഞ്ഞാണോ അർഷാദിനൊപ്പം കർണാടകയിലേക്കു കടക്കാൻ അശ്വന്ത് ശ്രമിച്ചതെന്ന സംശയം പൊലീസിനുണ്ട്. ലഹരി ഇടപാടുകളിൽ ഇരുവരും പങ്കാളികളാണെന്നും അശ്വന്ത് അറിയാത്ത രഹസ്യങ്ങൾ അർഷാദിനില്ലെന്നുമാണു പൊലീസിന്റെ നിഗമനം

Sreejith Sreedharan

Leave a Reply

Your email address will not be published. Required fields are marked *