മലപ്പുറം: മലപ്പുറം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപം സൈബർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉയരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടി പണിയുന്ന സൈബർ സ്റ്റേഷന്‍റെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചക്ക് ഡി.ജി.പി അനിൽ കാന്ത് നിർവഹിച്ചു.രണ്ട് കോടി തുക അനുവദിച്ച് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്‍റെ കീഴിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
മൂന്ന് നിലകളിലായി നിർമിക്കുന്ന സ്റ്റേഷനിൽ സൈബർ റൂം, സെർവർ റൂം, ലോക്കപ്പ്, വിശ്രമ മുറികൾ, സ്വീകരണ മുറി തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാവും. ഏകദേശം 7000 ത്തോളം സ്ക്വയർഫീറ്റിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം. നിലവിൽ എസ്.പി ഓഫിസിനുള്ളിലാണ് സൈബർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ഇവിടെ മതിയായ സൗകര്യമില്ലാത്തത് സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് പ്രായസമായിരുന്നു. പുതിയ കെട്ടിടം ഒരുങ്ങുന്നതോടെ പരാതിക്കാർക്കും ഉദ്യോഗസ്ഥർക്കും കൂടുതൽ സൗകര്യമാകും. മലപ്പുറം എസ്.പി സുജിത്ത് ദാസ്, ഡി.ഐ.ജി പുട്ട വിമൽ ആദിത്യ, ഡി.ഐ.ജി എ. അക്ബർ, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡി, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ പ്രോജക്ട് എൻജിനീയർ കെ.സി. അനുരാജ്, സൈറ്റ് എൻജിനീയർ ഒ.വി. ഷിജിൽ കുമാർ എന്നിവർ സംബന്ധിച്ചു.