വേങ്ങര: ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യമിട്ട് വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി. 35 വർഷം പഴക്കമുള്ള സബ് സെന്റർ കെട്ടിടം, കാലപ്പഴക്കം കാരണം ചോർന്നൊലിക്കാനും ചുമരുകൾ പൊട്ടിപ്പൊളിയാനും തുടങ്ങിയതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കാൻ മുൻ എം.എൽ.എ കെ.എൻ.എ ഖാദറന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ അനുമതി ലഭിക്കാത്തതിനാൽ, കെട്ടിടം പൊളിക്കാനോ പുതിയത് നിർമിക്കാനോ സാധ്യമായില്ല.
അനുവദിച്ച 35 ലക്ഷം രൂപ ലാപ്സാവുകയും ചെയ്തു. ഇപ്പോൾ കെട്ടിടം പൊളിക്കാൻ അനുമതി ലഭിക്കുകയും ഇതിനുള്ള തുക പാസാവുകയും ചെയ്തിട്ടുണ്ട്. പൊളിച്ചുമാറ്റാൻ അനുമതിയായെങ്കിലും പുതിയ കെട്ടിടനിർമാണത്തിന് ഫണ്ട് അനുവദിക്കാത്തതിനാൽ നടപടിയായിട്ടില്ല. വേങ്ങര ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളിലായി ആയിരക്കണക്കിന് പേർക്ക് പ്രയോജനപ്പെട്ടിരുന്നതാണ് പാക്കടപ്പുറായ ഖൊമേനി റോഡിലെ ഈ ആരോഗ്യകേന്ദ്രം.
പ്രവർത്തനം നിലച്ചതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കെട്ടിടം പൊളിക്കാൻ ഫണ്ട് അനുവദിക്കുകയും പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാൻ സർക്കാറിലേക്ക് പ്രപോസൽ അയച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.