തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവം ശനിയാഴ്ച നടക്കും. ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, സോപാനസംഗീതം, അഷ്ടപദി എന്നീ ഇനങ്ങളിലാണ് സംഗീതോത്സവം. ശനിയാഴ്ച രാവിലെ 8.30-ന് പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ ശിവദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സംഗീതോത്സവം സമാപിക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ആഞ്ജനേയ കീർത്തി പുരസ്കാരം എ.ആർ. കുട്ടിക്കും യുവപ്രതിഭാ പുരസ്കാരം ടി.വി. ശ്രീകലാ ഗുരുക്കൾക്കും ചടങ്ങിൽ സമ്മാനിക്കും.