കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി. ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ പട്ടികയിലുള്ള 44,471 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം നൽകുന്നത്.
ഇതിൽ 4,610 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിൽനിന്ന് വെള്ളം നിലവിൽ ലഭിക്കുന്നവയാണ്. ബാക്കിയുള്ളതിൽ 2,7552 കുടുംബങ്ങൾക്ക് ഇതിനകം കണക്‌ഷൻ നൽകിയിട്ടുണ്ട്. പൊതുമരാമത്ത്, ദേശീയപാത റോഡുകളിലെ ക്രോസിങ്ങിനുള്ള അനുമതി ലഭിക്കാത്തതുകാരണം കണക്‌ഷൻ നൽകിയ മുഴുവൻ പേർക്കും വെള്ളമെത്തിയിട്ടില്ല.
13,782 വീടുകളിൽ ഇതിനകം കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ ഊർജ്ജിത ശ്രമങ്ങളിലൂടെ പരമാവധി കണക്‌ഷൻ നൽകുന്നതിന് പരിപാടികൾ ആവിഷ്കരിച്ചു.