നിലമ്പൂർ: മലേറിയ രോഗ നിയന്ത്രണ ഭാഗമായി നിലമ്പൂർ നഗരസഭ പരിധിയിൽ ജില്ല ആരോഗ്യവകുപ്പിന്റെയും വെക്ടർ കൺട്രോൾ യൂനിറ്റിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. സ്ഥാപനങ്ങളുടെ വാട്ടർ ടാങ്കുകളിൽ മലേറിയ രോഗം പകർത്തുന്ന അനോഫിലസ് കൊതുകിന്റെ കൂത്താടിസാന്നിധ്യം കണ്ടെത്തി. ക്യുലക്സ് കൊതുകളുടെ കൂത്താടികളെയും കണ്ടെത്തി. വി.കെ റോഡിലെ വിവിധ സ്ഥാപനങ്ങളിലെ ഓവർഹെഡ് വാട്ടർ ടാങ്കുകളാണ് പരിശോധിച്ചത്. പല സ്ഥാപനങ്ങളുടെയും ടാങ്കുകൾ വൃത്തിഹീനമായും അടപ്പുപോലുമില്ലാതെയും കണ്ടെത്തി.
ടാങ്കുകൾ ഉടൻ വൃത്തിയാക്കാനും ശരിയായ രീതിയിൽ അടച്ചുസൂക്ഷിക്കാനും നിർദേശം നൽകി. 19 കെട്ടിടങ്ങളിലായി 29 വാട്ടർ ടാങ്കുകൾ, കടകളിലെ ഫ്രിഡ്ജിന്റെ ട്രേ, വെള്ളം ശേഖരിച്ചതും അല്ലാത്തതുമായ 60ലധികം കണ്ടെയ്നറുകൾ എന്നിവ പരിശോധിച്ചു. രോഗപ്രതിരോധത്തിനായി വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ കൊതുക് കടക്കാത്ത രീതിയിൽ സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി. അഞ്ജന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ. അച്യുതൻ, അനീഷ്, കെ.ജി. ജിതിൻ, ജില്ല പ്രാണിരോഗ നിയന്ത്രണ വിഭാഗത്തിലെ കെ. നാരായണൻ, എം.സി. യേശുദാസൻ, സ്മിത പെരിക്കാത്ര എന്നിവർ പങ്കെടുത്തു.