ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യം
എടപ്പാൾ: പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലും കാലടി മാണിക്യപാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പക്ഷേത്രത്തിലും കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്.
അടുത്തിടെ ജയിൽ മോചിതനായ കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള പൊലീസ് അനുമാനം. ഇയാൾ നേരത്തെ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷ്ടിച്ചിട്ടുണ്ട്. മാണിക്യപാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ വലിയ ഭണ്ഡാരവും ഗണപതി ക്ഷേത്രത്തിലെ ചെറിയ ഭണ്ഡാരവുമാണ് കുത്തിത്തുറന്നത്. രാവിലെ ക്ഷേത്രം ജീവനക്കാരൻ വന്നപ്പോഴാണ് മോഷണമറിഞ്ഞത്. ഭണ്ഡാരത്തിന് സമീപത്തു നിന്നു മഴു, മടവാൾ, കമ്പി പാര, ടോർച്ച്, തുണി എന്നിവ കണ്ടെടുത്തു.
ക്ഷേത്രത്തിന് സമീപത്തെ കക്കിടക്കൽ രാജേഷിന്റെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്നവയാണിത്. മോഷണത്തിനായി എത്തിയതെന്നു കരുതുന്ന ബൈക്ക് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച ശേഷം രാജേഷിന്റെ ബൈക്കുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ ക്ഷേത്രങ്ങളിൽ തെളിവെടുപ്പ് നടത്തി.
Malappuram News | Latest Malappuram Regional News in Malayalam- edappal news