പൂക്കോട്ടുംപാടം (നിലമ്പൂർ): കാറിൽ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അമരമ്പലം കാഞ്ഞിരംപാടം സ്വദേശി വാൽപ്പറമ്പിൽ വീട്ടിൽ സൈനുൽ ആബിദ് (29), നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നിസാമുദ്ദീൻ (23) എന്നിവരെയാണ് പൂക്കോട്ടുംപാടത്തുവെച്ച് നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, എക്‌സൈസ് ഇന്റലിജൻസും, നിലമ്പൂർ സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹുണ്ടായ് കാറിൽ കടത്തുകയായിരുന്ന 15.677 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നിലമ്പൂരും പരിസരങ്ങളിലും മാത്രമല്ല ഇതര ജില്ലകളിലും വിപണനം നടത്തുന്ന മയക്കു മരുന്നു മാഫിയയുടെ ശ്യംഖലയിൽപ്പെട്ടവരാണ് പിടിക്കപ്പെട്ട ഇരുവരും. നടപടിക്രമങ്ങൾക്ക് ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കും.
മലപ്പുറം ഐ.ബി.ഇൻസ്‌പെക്ടർ പി. കെ. മുഹമ്മദ് ഷെഫീഖ് ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വഡ് ഇൻസ്പെക്ടർ ടി.വി ഷിജു മോൻ, പാലക്കാട് ഐ.ബി.ഇൻസ്‌പെക്ടർ നൗഫൽ, അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പി എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ.അനീഷ്, സി.ടി.ഷംനാസ് , സി.വി.റിജു,സബിൻ ദാസ് , ഇ.അഖിൽദാസ്.കെ. പ്രദീപ്കുമാർ. എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.