Wandoor: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു അറസ്റ്റിലായ സഹോദരങ്ങള്‍ കേസില്‍ ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുു. സംഭവത്തെ തുടര്‍ന്നു പ്രതികളായ സഹോദരങ്ങളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതി ജഡ്ജ് എം പി ജയരാജിന്റെ നടപടി. മമ്പാട് പന്തലിങ്ങല്‍ കോരമംഗലത്ത് വീട്ടില്‍ അബ്ദുള്ള (63), ഹുസൈന്‍ (51) എന്നിവര്‍ക്ക് ഇതേകോടതി അനുവദിച്ച ജാമ്യമാണ് റദ്ദ് ചെയ്തത്.
2022 ഏപ്രില്‍ എട്ടിനാണ് കേസിന്നാസ്പദമായ സംഭവം. തിരുവാലി കൃഷ്ണശ്രീയില്‍ കണ്ണന്റെ ഭാര്യ സരോജിനി (62) നാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ഈ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്ക് ഇക്കഴിഞ്ഞ ജൂലൈ 13ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥകളിലൊന്ന്. എന്നാല്‍ ജാമ്യം ലഭിച്ച അന്നു തന്നെ പ്രതികള്‍ കുപ്പനത്ത് ഇസ്ഹാഖ് (45) എന്നയാളെ മര്‍ദ്ദിച്ചു. ഈ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും വീട്ടമ്മയെ മര്‍ദ്ദിച്ചുവെന്ന കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിലമ്പൂര്‍ ഡിവൈഎസ്പി, അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.