ഉച്ചക്കുളത്ത് ഒരാഴ്ചക്കിടെ മൂന്ന് തവണ ആദിവാസികള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഊരിലെ വീരന് കാട്ടാനയുടെ തുമ്പിക്കൈയുടെ മുമ്പില്‍ നിന്നും മരത്തിന് മറഞ്ഞ് രക്ഷപെടുകയായിരുന്നു. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട ആദിവാസി തൊഴിലാളികള്‍ക്ക് നേരെയും കാട്ടാനകളുടെ ആക്രമണമുണ്ടായി. ചൊവ്വാഴ്ച കരുളായി സ്വദേശിയും കല്ലേംതോട് തോണിക്കാട് സ്വദേശി പഴംപള്ളില്‍ പൊന്നൂസും കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴക്കാണ്. വനത്തില്‍ അധിവസിക്കുന്ന ആദിവാസികളും വനയോര മേഖല പങ്കിടുന്ന ജനവാസകേന്ദ്രങ്ങളിലെ ജനങ്ങളുമാണ് കാട്ടാനക്കലിയുടെ ഇരകളാകുന്നത്. വനത്തില്‍ നിന്നുമിറങ്ങുന്ന കാട്ടാനകള്‍ വൈകുന്നേരമാകുന്നതോടെ ജനവാസകേന്ദ്രങ്ങളിലെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ച ശേഷം നേരം പുലര്‍ന്നാണ് കാട് കയറുന്നത്.
കരിമ്പുഴയുടെ പാലാങ്കര പാലത്തിന് ചുവട്ടില്‍ പതിനഞ്ചോളം ആനകളടങ്ങുന്ന കൂട്ടം നിത്യവും ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ചൊവ്വാഴ്ച രണ്ടു പേരാണ് പാലാങ്കരയിൽ കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. വൈകീട്ട് ആറിന് വീടിന് മുൻവശത്തെ പുഴയിൽ കുളിക്കുന്നതിനിടെ പൊന്നൂസിനെ കാട്ടാന ഓടിക്കുകയായിരുന്നു. ശേഷം രാത്രി എട്ടരയോടെ ഒലയക്കൽ പാലത്തിന് സമീപം കുളിക്കാനായി സ്കൂട്ടറിലെത്തിയ കരുളായി പഞ്ചായത്തു പടിയിലെ യുവാവും ഭാഗ്യം കൊണ്ടാണ് കൊമ്പന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഒടുവിൽ യുവാവിന്റെ നിർത്തിയിട്ട സ്കൂട്ടർ ചവിട്ടി തകർത്താണ് ആന കലിയടക്കിയത്. മൂത്തേടം കാരപ്പുറം, കല്‍ക്കുളം, ഉച്ചക്കുളം, ചീനിക്കുന്ന്, പനമ്പറ്റ തുടങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കട്ടാനശല്യംമൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
കല്ലേംതോട് മുക്ക് മുതല്‍ മൈലംപാറ വരെ 15 കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണം. വനമൃഗ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുകയല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയായിരിക്കുകയാണ് കാട്ടാനക്കൂട്ടം.