പരപ്പനങ്ങാടി: മത്സ്യ കയറ്റുമതി കച്ചവടക്കാരും മത്സ്യബന്ധന യാന ഉടമകളും തമ്മിലുള്ള തർക്കത്തിന് മാധ്യസ്ഥ ചർച്ചയിൽ പരിഹാരമായി. ടൺ കണക്കിന് ചാള, അയല ഉൾപ്പടെയുള്ള മത്സ്യങ്ങളുമായി തീരമണയുന്ന ചുണ്ടൻ വള്ളങ്ങളിലെ മത്സ്യം ലേലം വിളിച്ചെടുക്കുന്ന കച്ചവടക്കാർ, മത്സ്യങ്ങൾ നിറച്ചെടുക്കുന്ന പെട്ടിയിലെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് പ്രതിസന്ധി തീർത്തത്. അഞ്ച് പെട്ടി മത്സ്യത്തിന് ഒരു പെട്ടി സൗജന്യമെന്നത് പിന്നീട് രണ്ട് പെട്ടി സൗജന്യമെന്ന നിലയിലെത്തിയതും നേരത്തേതിൽനിന്ന് വ്യത്യസ്തമായി പിന്നീട് ഏഴു പെട്ടിയിലും മത്സ്യം കൂനയായി അളന്നെടുക്കാൻ തുടങ്ങിയതുമാണ് തർക്കത്തിനിടയാക്കിയത്.
തുടർച്ചയായി ചാകരയിൽ മത്സ്യ തൊഴിലാളികൾ ഇതിൽ പ്രതിഷേധിക്കാതെ അവഗണിക്കുകയായിരുന്നു.
മത്സ്യസമ്പത്ത് കുറഞ്ഞുവന്നതോടെ മത്സ്യം കുന്നുകൂട്ടിയെടുക്കാൻ സമ്മതിക്കില്ലെന്നും ഈ നില തുടർന്നാൽ തങ്ങൾ മറ്റു തീരങ്ങളിലേക്ക് വിൽപനക്കായി പോകുമെന്നും വള്ളങ്ങൾ പരപ്പനങ്ങാടി തീരത്ത് അടുപ്പിക്കില്ലെന്നും വള്ളമുടമകൾ ഭീഷണി മുഴക്കി.
ഇത് പരപ്പനങ്ങാടി തീരത്തെ മത്സ്യ വിപണിയെയും കയറ്റുമതി വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന നില വന്നതോടെ മധ്യസ്ഥർ രംഗത്തിറങ്ങി. നീണ്ട ചർച്ചകൾക്ക് ശേഷം അഞ്ചു പെട്ടി എന്ന തോതിൽ മത്സ്യമെടുക്കുമ്പോൾ രണ്ട് പെട്ടി സൗജന്യമായി അധികമെടുക്കാമെന്നും എന്നാൽ ഏഴു പെട്ടിയും കൂനയായി അളന്നെടുക്കാൻ പാടില്ലെന്നും ഇരുപക്ഷവും ധാരണയായി. വള്ള കമ്മിറ്റിയെ പ്രതിനിധീകരിച്ച് പള്ളിച്ചിന്റെ മുനീർ, കരണമൻ സിദ്ദീഖ്, കുച്ചാൻ സിദ്ദീഖ്, ഉണ്ണാച്ചൻ അശറഫ്, അരയൻ സുലൈമാൻ, കച്ചവടക്കാരെ പ്രതിനിധീകരിച്ച് കെ.സി. അബ്ദുല്ല, കെ. സിദീഖ്, വെള്ളേങ്ങര അബ്ദുല്ല കുട്ടി, പി.കെ.ഇ. ഫിറോസ്, വി.എം.എ. ഹംസക്കോയ, മധ്യസ്ഥ പ്രതിനിധികളായി കെ.എസ്. അബ്ദുല്ല, എച്ച്.പി. ഖാദർ, എൻ.എഫ്. സെയ്തലവി, സി.പി. ചെറിയ ബാവ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.