കാളികാവ്: ജീവൻ തുടിക്കുന്ന പ്രതിമകളുടെ നിർമാണമാണ് ചോക്കാട്ടിലെ മുരളി കുമ്പ്രോട്ടിലിന്റെ ജീവശ്വാസം. മഹാത്മാഗാന്ധി, സഖാ വ് കുഞ്ഞാലി തുടങ്ങി മുരളിയുടെ കരവിരുതിലും കർമസാഫല്യത്തിലും പിറവിയെടുത്ത പ്രതിമകൾ പലയിടത്തും കാണികളെ അത്ഭുതപ്പെടുത്തി തലയുയർത്തിനിൽക്കുന്നുണ്ട്. ജസ്യൂട്ട് സഭയുടെ പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായിരുന്ന ഫാദർ സ്റ്റാൻസാമിയുടെ മൂന്നടി ഉയരമുള്ള അർധകായ പ്രതിമയുടെ നിർമാണത്തിലാണിപ്പോൾ.
2021ലാണ് ഫാദർ സ്റ്റാൻസാമി നിര്യാതനായത്. സ്റ്റാൻസാമിയുടെ ഒരു പ്രഭാഷണ സമയത്തെ ഭാവത്തിലാണ് ശിൽപം നിർമിക്കുന്നത്. ട്രിച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസ്യൂട്ട് സഭയുടെ നിർദേശപ്രകാരമാണ് ചോക്കാട്ടിൽ പ്രതിമ നിർമിക്കുന്നത്.
20 ദിവസമായി നീണ്ട ശിൽപത്തിന്റെ അവസാന പ്രവൃത്തിയിലാണിദ്ദേഹം. ചിത്രത്തിലെ ഓരോ സൂക്ഷ്മഭാഗങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് പ്രതിമനിർമാണം. തൃശൂർ ഫൈൻ ആർട്സ് കോളജിൽനിന്ന് ശിൽപകലയിൽ ബിരുദം കരസ്ഥമാക്കിയ മുരളിയുടേതായി നിരവധിയായ ശിൽപങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. രാഷ്ട്രപിതാവ് മഹാത്മജി, മുഖ്യമന്ത്രി പിണറായി വിജയൻ, സഖാവ് കുഞ്ഞാലി തുടങ്ങിയവരുടെ പ്രതിമകൾ മുരളി ഇതിനോടകം നിർമിച്ചിട്ടുണ്ട്. ഫാദർ സ്റ്റാൻസാമിയുടെ പ്രതിമ നിർമാണത്തിൽ മുരളിയുടെ സഹായിയായി സഹോദരൻ വൈശാഖും കൂടെയുണ്ട്.