കാളികാവ്: അങ്ങാടി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശുചിമുറി നിർമിക്കുന്നു. നിലവിലെ ഉപയോഗശൂന്യമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ച് നീക്കിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 12 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത്. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഉന്നതനിലവാരത്തിൽ പൊതുശുചിമുറി സമുച്ചയങ്ങൾ ഒരുക്കാനായി തുടക്കമിട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി.
ശുചിമുറിക്കൊപ്പം കോഫീ ഹൗസ് റിഫ്രഷ് മെൻറ് സൗകര്യം കൂടി ഉണ്ടാവും. 2003ൽ സ്ഥാപിച്ച കാളികാവ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഏറെക്കാലമായി ഉപയോഗശൂന്യമായ നിലയിലാണ്. ശുചിമുറി സൗകര്യമില്ലാത്തതിനാൽ സ്റ്റാൻഡിൽ കയറാൻ ഈ റൂട്ടിലോടുന്ന സ്വകാര്യബസുകൾ മടിക്കുകയാണ്. കഫ്റ്റീരിയ അടക്കമുള്ള സംവിധാനത്തോട് കൂടിയാണ് പുതിയ പദ്ധതി വരുന്നത്.
2023- 24 വർഷ പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ടാണിത്. മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കംഫർട്ട് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിക്കുന്ന പ്രവൃത്തി തുടങ്ങി. അടുത്ത സാമ്പത്തിക വർഷം ജങ്ഷൻ ബസ് സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷനും പൊളിച്ചുമാറ്റി ആധുനിക രീതിയിൽ പുതിയത് പണിയുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. ഷിജിമോൾ പറഞ്ഞു.