പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി ഇടപെടാതെയാണ് റോഡ് പണി മുന്നോട്ട് പോയത്. പകുതിയോളം തീർത്ത് കരാർ കമ്പനി 2022 ഒടുവിൽ നിർത്തി. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കരാറുകാരന് വിട്ടു നൽകിയതാണ്. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30 കി.മീ പാതക്ക് 140 കോടിയുടെയാണ് എസ്റ്റിമേറ്റ്.
നാലു വർഷം പൂർത്തിയായപ്പോഴും നാട്ടുകാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിയിൽ കിടക്കുകയാണ്. നിലവിലെ കരാർ കമ്പനിയെ മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. സ്റ്റേ നീക്കിക്കിട്ടാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ മൂന്നുമാസമായി സർക്കാർ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളോട് ഇക്കാര്യങ്ങൾ പറയുമ്പോഴും യാത്രാക്ലേശം ചൂണ്ടിക്കാട്ടി സർക്കാറിനും ജനപ്രതിനിധികൾക്കുമെതിരെ വലിയ എതിർപ്പാണ് ഉയരുന്നത്. റോഡുപണി പാതിവഴിയിലിട്ട ഘട്ടത്തിൽ ഫലപ്രദമായി മരാമത്ത് വകുപ്പ് ഇടപെട്ടിരുന്നില്ല.
പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗത്ത് പലയിടത്തും തകർന്ന് കിടക്കുകയാണ്. കുണ്ടിലും കുഴിയിലും വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവാണ്. പുതിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച് ടെൻഡർ വിളിച്ച് പ്രവൃത്തി ആയെങ്കിലും ഏൽപ്പിക്കാൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പെരുമാറ്റചട്ടമായിരുന്നു തടസ്സം. അതുകഴിഞ്ഞാൽ നടപടിയുണ്ടാവുമെന്നായിരുന്നു വിശദീകരണം. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വിഭാഗത്തിനാണ് നിർമാണ ചുമതല. ജില്ലയിലെ ആസ്ഥാനം കുറ്റിപ്പുറത്താണ്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തോട് ചോദിച്ചാൽ കൈമലർത്തുകയാണ്. നിലവിലെ കരാർ റദ്ദാക്കി എസ്റ്റിമേറ്റ് പുതുക്കി പുതിയ കരാറുകാരെ കണ്ടെത്തി നൽകി വേണം ശേഷിക്കുന്ന പണി പൂർത്തിയാക്കാൻ.