മഞ്ചേരി: കണ്ണീരുണങ്ങാത്ത പ്രിയ നാടിന്റെ വീണ്ടെടുപ്പിനായി കാൽപന്തിന്റെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ ചാരിറ്റി മത്സരത്തിന് ആരവം തീർത്തത് ആയിരങ്ങൾ. വയനാട്ടിലെ ജനതക്ക് കൈത്താങ്ങാവാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നടത്തിയ സൗഹൃദ മത്സരം മാനവികതയുടെ ഉണർത്തുവേദിയായി.
പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബും സൂപ്പർ ലീഗ് കേരള ആൾ സ്റ്റാർ ഇലവനുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ആതിഥേയരായ സൂപ്പര്‍ ലീഗ് കേരള ഇലവനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മുഹമ്മദന്‍സ് കീഴ്പെടുത്തിയത്. രാംസിംഗ ഫനായി (22), അബ്ദുല്‍ ഖാദിരി (75) എന്നിവരാണ് മുഹമ്മദന്‍സിനായി ഗോള്‍ നേടിയത്. സൂപ്പര്‍ ലീഗ് കേരള ഇലവനായി നായകന് ബെല്‍ഫോര്‍ട്ടാണ് ഏക ഗോള്‍ നേടിയത് (25).
ഏറ്റുമുട്ടൽ ബലാബലം
ഖല്ബിൽ പ്രിയ നാടിനെ കുടിയിരുത്തി കാലില്‍ പന്ത് കോര്‍ത്ത 22 പേര് മൈതാനത്ത് സ്വപ്ന സുന്ദര സോക്കർ നിമിഷങ്ങളാണ് സമ്മാനിച്ചത്. കേരള ഇലവൻ മികച്ച മുന്നേറ്റം നടത്തി. മുന്‍ റഷ്യന്‍ ദേശീയ ടീമിന്റെ സഹ പരിശീലകനായിരുന്ന ഷെര്ണിഷോവിന്റെ പരിശീലനത്തിലെത്തിയ മുഹമ്മദൻസ് ടീമും ഗാലറിയെ കൈയിലെടുത്തു.
മലയാളി ചന്തം
നാല് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ ഇടം നേടിയ മത്സരത്തിൽ ഓരോ മുന്നേറ്റങ്ങൾക്കും ആരാധകരുടെ വലിയ ആർപ്പുവിളികളാണ് ഉയർന്നത്. 63 ാം മിനുട്ടിലെത്തി മുഹമ്മദൻസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറത്തുകാരനായ ഇർഷാദും ശ്രദ്ധ പിടിച്ചു പറ്റി. 82ാം മിനുട്ടിൽ കാൽപന്ത് കളിയിലെ കറുത്ത മുത്ത് ഐ.എം. വിജയൻ സൂപ്പർ ലീഗ് ഇലവൻ ജഴ്സിയിൽ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ കാണികൾ കരഘോഷം മുഴക്കി. ഹക്കു, സീസണ് ശല്‍വന്‍, ജിജോ ജോസഫ്, സൗരവ് ഗോപാലകൃഷഅണന്‍, ഗോള്‍കീപ്പര്‍ അജ്മല്‍ പി.എ എന്നിവരാണ് ടീമില്‍ കളിച്ച മറ്റു മലയാളികള്‍.
കടൽ കടന്നെത്തിയ പന്താട്ടക്കാർ
വിദേശ താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കണ്ണൂരിന്റെ ഓസ്ട്രേലിയന്‍ താരം എലോയ്, കൊച്ചിയുടെ സൗത്ത് ആഫ്രിക്കന്‍ താരം സിയുണ്ട, കണ്ണൂരിന്റെ സ്പാനിഷ് താരം ആസിയര്‍ ഗോമസ്, തിരുവനന്തപുരത്തിന്റെ ബ്രസീല്‍ താരം മൈക്കിള്‍, തൃശൂരിന്റെ ആഫ്രിക്കന്‍ പ്ലയര്‍ ഹെര്‍മന്‍ എന്നിവരാണ് സൂപ്പര്‍ ലീഗ് കേരള ഇലവനായി കളിച്ച വിദേശ താരങ്ങള്‍. മുഹമ്മദന്‍സിനായി ജോസഫ് അഡ്ജെ, കാന, മിന്ജാലോല് ഉസൈമോവ്, അലക്സിസ് ഗോമസ് എന്നിവരായിരുന്നു ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച വിദേശ താരങ്ങള്‍. കാലിക്കറ്റ് എഫ്.സിയുടെ മുഖ്യപരിശീലകന്‍ ഇയാന്‍ ആന്‍ഡ്രുവും സഹപരിശീലകന്‍ ബിബി തോമസും കളികാണാന്‍ എത്തിയിരുന്നു.
ആവേശപ്പേമാരി
വൈകീട്ട് തിമിർത്തു പെയ്ത മഴയിൽ ഗ്രൗണ്ടിൽ വെള്ളം കെട്ടിനിന്നിരുന്നു. താരങ്ങൾ മത്സരത്തിനിടെ വീണുകൊണ്ടേയിരുന്നു. കളിക്ക് വിസിൽ മുഴങ്ങിയപ്പോൾ ചാറ്റൽ മഴ അകമ്പടിയായി. എന്നാൽ ഇതിനൊന്നും മലപ്പുറത്തിന്റെ ഫുട്ബാൾ ഭ്രാന്തിനെ ചങ്ങലക്കിടാനായില്ല. അര മണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. മിനിട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ മഴ മാറി നിന്നു.
ടിക്കറ്റില്ലാതെ കളി കണ്ടോളൂ
മത്സരത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും മുണ്ടക്കൈയിലും ചൂരൽമലയിലെയും ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു. 199 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ ഇന്നലെ രാവിലെ ടിക്കറ്റ് എടുക്കാതെ മത്സരം കാണാമെന്നും താൽപര്യമുള്ളവർക്ക് വയനാട്ടിലെ ജനതക്കായി സംഭാവന നൽകാമെന്നും സംഘാടകർ അറിയിച്ചു.
പ്രൗഢമായി ഉദ്ഘാടനം
എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്ല്യാൺ ചൗമ്പ മത്സരം ഉദ്ഘാടനം ചെയ്തു. കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിച്ചു. എൻ.എ. ഹാരിസ്, ഐ.എം. വിജയൻ, യു.എ. ലത്തീഫ് എം.എൽ.എ, കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ, അൻവർ ആമീൻ ചേലാട്ട്, വി.പി. അനിൽ, ജലീൽ മയൂര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.