മലപ്പുറം: ജില്ലയിൽ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസമിതിയോഗം തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി . ദുരന്തം നടന്ന വയനാട്ടിലേക്ക് അഗ്നിരക്ഷാ സേനയുടെ 40 അംഗ ടീമിന് ജില്ലയിൽ നിന്ന് അയച്ചു.
എൻ.ഡി.ആർ. എഫ് സംഘം നിലമ്പൂരിൽ പ്രശ്ന സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചു. പുഴകളിലെ ജലവിതാനം യഥാസമയം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ വി. ആർ.വിനോദ് അറിയിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.