താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്ലാറ്റ് ഫോമിൽ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ശല്യംചെയ്ത മൂന്നംഗ സംഘത്തെ താനൂർ പൊലീസ് പിടികൂടി. സ്റ്റേഷൻ മാസ്റ്റർ വിളിച്ചറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ രണ്ടംഗ പൊലീസ് സംഘത്തെയും കൈയേറ്റം ചെയ്യാനും തെറി വിളിക്കാനും മുതിർന്ന ഇവരെ സി.ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
താനൂർ ഒസാൻ കടപ്പുറം തങ്ങൾ കുഞ്ഞാലിക്കാൻറകത്ത് മുഹമ്മദ് കാസിം (28), താനൂർ കാരാട് പള്ളിക്കാട്ടിൽ മർസൂഖ് (37), താനൂർ ഒസാൻ കടപ്പുറം മമ്മിക്കാനകത്ത് ഷെഫീഖ് (28) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്ത് വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് മദ്യപ, സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.