പൂക്കോട്ടുംപാടം: രണ്ടു മാസത്തിലധികമായി കുടിവെള്ള വിതരണം നിലച്ച അമരമ്പലത്ത് ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. അമരമ്പലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. നിലമ്പൂർ പൂക്കോട്ടുംപാടം സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് രണ്ടു മാസം മുമ്പ് അമരമ്പലത്ത് കുടിവെള്ള വിതരണം നിലച്ചത്.
എന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞ് ജലവിഭവ വകുപ്പ് ഗുണ ഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പഞ്ചയത്ത് അധികൃതരും ആവശ്യമായ ഇടപെടലുകൾ നടത്തുകയോ, കുടി വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മാത്രമല്ല പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കുടിവെള്ളത്തിന് ഏക ആശ്രയമായ വാട്ടർ അതോറിറ്റിയുടെ ജലവിതരണവും മാസങ്ങളായി അവ താളത്തിലായത്. ഇതാണ് ഗുണഭോക്താകളെ പ്രകോപിതരാക്കിയത്.
കഴിഞ്ഞ ദിവസം കോഴിശ്ശേരിക്കുന്നിൽനിന്ന് നാട്ടുകാരെത്തി പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കുകയും അധികൃതരുമായി ചർച്ച ചെയ്ത് കഴിഞ്ഞ ഏപ്രിൽ മൂന്നിന് ജല വിതരണം പുനരാരംഭിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഫലമില്ലാതെ വന്നപ്പോൾ വിഷയവുമായി ബന്ധപ്പെട്ടു യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നിലമ്പൂർ എം.എൽ.എ ഓഫിസിനു മുമ്പിൽ നിൽപ്പു സമരവും നടത്തിയിരുന്നു. ഇനിയും നടപടിയുണ്ടായി ലെങ്കിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ രാപകൽ സമരം നടത്താണ് തീരുമാനം.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം മാർച്ച് ഉദ്ഘാട നം ചെയ്തു. കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തിന് സാധിക്കാത്തത് കെടുകാര്യസ്ഥതയാണെന്നും ഇതിനു പ്രത്യേകം ഫണ്ട് തന്നെ തദ്ദേശ ഭരണകൂടങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കൺവീനർ അഷറഫ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.എ. കരീം, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കേമ്പിൽ രവി, എം.ടി. നാസർ ബാൻ, അമീർ പൊറ്റമ്മൽ, നിഷാദ് പൊട്ടേങ്ങൽ, വി.സി.ബേബി തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ റോഡ് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് അങ്ങാടി ചുറ്റി പഞ്ചായത്ത് ഓഫിസ് കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ചിന് കുണ്ടിൽ മജീദ്, വി.കെ. അബ്ദു, ചെമ്മല വേണുഗോപാൽ, ശിവദാസൻ ഉള്ളാട്, രത്ന ഗോപി, വി.പി.അഫീഫ, എം.പി. ശോഭന, രാഹുൽ തേൾപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.