വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയായ കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്ത് ഒഴിവ് ദിവസങ്ങളിലും ആഘോഷ വേളകളിലും പൊലീസ് സേവനം വേണമെന്നാവശ്യം ശക്തം. കടലുണ്ടിക്കടവ് അഴിമുഖത്തെ പ്രകൃതി സൗന്ദര്യം കാണാൻ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നും മറ്റും നിരവധി ആളുകളാണ് എത്തുന്നത്. ഇവിടെ വരുന്നവർക്ക് അധികൃതർ സമ്മാനിക്കുന്നത് തികഞ്ഞ അവഗണന മാത്രമെന്ന് നേരത്തെതന്നെ ആരോപണമുണ്ട്.
സുരക്ഷ മുൻകരുതൽ ഇല്ലാതെ അപകട മുനമ്പിലാണ് വിനോദ സഞ്ചാരികൾ ഇവിടെ സമയം ചെലവിടുന്നത്. കൂറ്റൻ കടൽ പാറകളും കടലുണ്ടിക്കടവ് പാലവും, റെയിൽവേ പാലവും നോക്കിയാൽ കാണുന്ന പക്ഷിസങ്കേതവുമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
കടലിലേക്ക് തള്ളി നിൽക്കുന്ന കൂറ്റൻ പാറകളിൽ കയറിനിന്ന് ഫോട്ടോ എടുക്കുന്നതും വിഡിയോ ചിത്രീകരണവും ഭീഷണി ഉയർത്തുന്നുണ്ട്. ശക്തമായ തിരമാല കടൽ പാറക്ക് മുകളിലൂടെ ആഞ്ഞു വീശുമ്പോഴും ആളുകൾ കൂസലില്ലാതെ കടൽ പാറക്ക് മുകളിൽ തന്നെയാണ്. നിരവധിപേർ എത്തുന്ന സ്ഥലമാണെങ്കിലും മുന്നറിയിപ്പ് ബോർഡുകളോ, സുരക്ഷാ ജീവനക്കാരെയോ നിയമിച്ചിട്ടില്ല. തെരുവ് വിളക്കുകൾ ഇല്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നേരം ഇരുട്ടിയാണ് പലരും മടങ്ങുന്നത്.